Unni Vlogs Cinephile

ചില കാര്യങ്ങൾ പറയാം.
ഒരാളെ അങ്ങോട്ട് ഉപദ്രവിക്കൽ നമ്മടെ പ്ലാനിൽ ഇല്ലാത്ത കാര്യമാണ്.
ഇങ്ങോട്ട് ആക്രമിച്ചാൽ ഏതൊരു ജീവിയും ചെയ്യുന്ന പോലെ റിയാക്ട് ചെയ്യുക എന്നതേയുള്ളു.

ഈ സിനിമയുടെ റിവ്യൂ ഇടാതിരുന്നാൽ അതിന്റെ പേരിൽ "പെയ്ഡ്" എന്ന ചീത്തപ്പേര് ഒഴിവാക്കാൻ ആണ് പ്രധാനമായും വീഡിയോ ചെയ്തത്. അതിനെ തുടർന്ന് ഭീഷണി വരുമ്പോൾ ഉടനെ ഡിലീറ്റ് ആക്കൽ ശീലമില്ല. മുൻപും അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ ബാഡ് ബോയ്സ് റിവ്യൂ കാണിക്കുന്നതിലും പ്രധാനമാണ് അതിന്റെ റിവ്യൂ ഇട്ട ശേഷം ഞാൻ കേൾക്കേണ്ടി വന്നത് നിങ്ങളെ കാണിക്കുക എന്ന് തോന്നി. അതുകൊണ്ടാണ് ആ സംഭാഷണത്തിൽ റിവ്യൂ ഒഴിവാക്കാം പക്ഷെ Call റെക്കോർഡിങ് ഇടും എന്ന് പറഞ്ഞത്. ഇരു കക്ഷികളുടെയും സമ്മതത്തോടെ അല്ലാതെ നമുക്ക് കോൾ റെക്കോർഡിങ് പബ്ലിക് ആയി ഇടാൻ ആവില്ല. അങ്ങനെ അങ്ങോട്ട് പറഞ്ഞു പോയി എന്ന കാരണത്താൽ ആണ് റിവ്യൂ ഒഴിവാക്കിയത്. (ഈ സംഭാഷണം കേൾക്കുമ്പോ റിവ്യൂ എന്തായിരുന്നു എന്ന് മനസിലാകുമല്ലോ)

ഇനിയാണ് ശ്രദ്ധിച്ചു മനസിലാക്കേണ്ടത്.
ഷാസ് ബ്രോ വീഡിയോ ഇട്ടു. തിരുവന്തോരൻ അടക്കം വേറെയും ഒരുപാട് പേര് റിവ്യൂ ഇട്ടു. പക്ഷെ ഒരു ഭീഷണി(അമർഷം പ്രകടിപ്പിച്ചത്) എന്നോട് മാത്രം. ഈ വിഷയത്തെ തുടർന്ന് എന്നോട് സംസാരിച്ച പലരിൽ നിന്നായി ഞാൻ മനസിലാക്കി എടുക്കുന്ന കാര്യങ്ങൾ.

1. 'നീ പണം വാങ്ങിയത് അറിയാം', ഫേസ്‌ബുക്കിൽ 'എഴുതിയ റിവ്യൂ' എന്നൊക്കെ ആണ് അബ്രഹാം മാത്യു എന്നോട് സംസാരിച്ചപ്പോൾ ഉപയോഗിച്ചത്. പണം ഞാൻ വാങ്ങിയില്ല(വാങ്ങില്ല) എന്നെനിക്ക് ഉറപ്പുണ്ട്. പക്ഷെ "പണം വാങ്ങിയുള്ള റിവ്യൂ+ഫേസ്‌ബുക്കിലെ റിവ്യൂ" ഒന്ന് മനസ്സിൽ കരുതി ബാക്കി വായിക്കൂ.

2. എന്നോട് പലപ്പോഴായി പലരായി പറഞ്ഞു കേട്ടിട്ടുണ്ട് "നിങ്ങളുടെ(യൂട്യൂബ് റിവ്യൂ ചാനലുകൾ) പേര് പറഞ്ഞ് ചിലയാളുകൾ പ്രൊഡ്യൂസർമാരുടെ കയ്യിൽ നിന്ന് പണം വാങ്ങാറുണ്ട്" എന്ന്. പക്ഷെ ഈ സോഴ്സ് ആയിട്ടുള്ളവർ അത് ശക്തമായി പറയാതെ എനിക്ക് നിയമപരമായി മുന്നോട്ട് പോകാനാവില്ല. മാത്രമല്ല, ഇവിടെ പണം നഷ്ടപ്പെടുന്നത് പ്രൊഡ്യൂസർ ആണ് എന്നത്കൊണ്ട്, ആദ്യം പരാതിയുമായി മുന്നോട്ട് വരേണ്ടത് പ്രൊഡ്യൂസർ ആണ്. ഒന്നുകിൽ പണം വാങ്ങിയ ആളെ അവർ പേരെടുത്തു പറയണം. അല്ലെങ്കിൽ എനിക്ക് തരാൻ ഇന്നയാൾ മുഖേന കൊടുത്തു എന്ന് തെളിവ് സഹിതം പറയണം. അല്ലാതെ എനിക്കും നിയമപരമായി മുന്നോട്ട് പോകാൻ ആകില്ല.

3. ഫേസ്‌ബുക്കിൽ ഈ ചാനൽ പേരുമായി ഭാഗിക സാദൃശ്യമുള്ള ഒരു ഗ്രൂപ്പ്(പെയ്ഡ് റിവ്യൂകൾക്ക് കുപ്രസിദ്ധമായ) ഉൾപ്പടെ പലരും പ്രൊമോഷൻ എന്ന രീതിയിൽ ആദ്യവും പിന്നീട് ഭീഷണിപ്പെടുത്തിയും പണം വാങ്ങാറുണ്ട് എന്ന വിവരവും, പറഞ്ഞുകേട്ടറിവ്‌ എനിക്കുണ്ട്. അവിടെയും പണം വാങ്ങുമ്പോൾ പ്രശസ്തരായ യൂട്യൂബർമാരുടെ പേരുകൾ ഉപയോഗിക്കുക പതിവാണെന്നും സൂചന കിട്ടി. സിനിമ നല്ലതാണെങ്കിൽ നമ്മൾ നല്ലത് പറയുന്നതിനെ, അവർ പറഞ്ഞത്കൊണ്ട് നല്ലത് പറഞ്ഞു എന്ന പേരിൽ പ്രൊഡ്യൂസർമാരോട് അവതരിപ്പിച്ചിട്ടുണ്ട് എന്നും കേട്ടറിവുണ്ട്. ഭീഷണിയുടെ കാര്യം പ്രൊഡ്യൂസർമാർ തന്നെ തുറന്നുപറഞ്ഞത് വാർത്തകൾ ആയിട്ടുണ്ട്.

മേല്പറഞ്ഞ മൂന്ന് കാര്യങ്ങളും ഇന്നെന്നോട് സംസാരിച്ചവർ പറഞ്ഞ വിവരങ്ങളും ചേർത്ത് വെക്കുമ്പോൾ, ഒന്നുകിൽ എന്റെ ചാനൽ പേരിലെ സാദൃശ്യമോ അല്ലെങ്കിൽ എന്റെ പേരും കൂടി ചേർത്ത് പറഞ്ഞു നടത്തിയിട്ടുണ്ടാവാൻ ഇടയുള്ള കച്ചവടവുമായി ബന്ധപ്പെട്ടിട്ടോ പൂർണമായും തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിൽ ആയിരിക്കണം ഇന്നലെ നടന്ന ടെലിഫോൺ സംഭാഷണം എന്ന നിരീക്ഷണത്തിലാണ് ഞാൻ എത്തി നിൽക്കുന്നത്. എങ്കിൽപ്പോലും ഉപയോഗിച്ച (തെറികൾ അടക്കം) മോശം ഭാഷ ഒരിക്കലും യോജിക്കാനാവാത്തതാണ്. അതൊക്കെ ഉപയോഗിച്ച ഒരാളെ തുറന്നുകാട്ടുക എന്ന ദൗത്യം ആ ഫോൺ കോൾ പബിഷ് ആക്കിയതിലൂടെ തന്നെ നിറവേറപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു. മുൻപും ഇതുപോലത്തെ അവസരത്തിൽ ഇങ്ങനെ തന്നെയാണ് കൈകാര്യം ചെയ്തത്. അയാൾ മാപ്പ് പറയുകയും തെറ്റുകൾ ആവർത്തിക്കില്ല എന്നുറപ്പ് പറയുകയും ചെയ്തതിനെ തുടർന്ന് അയാളുടെയും "തെറിവിളി" വീഡിയോ ചാനലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു വ്യക്തി എന്ന നിലയിലും ഒരു സ്ഥാപന ഉടമ/പ്രൊഡ്യൂസർ എന്ന നിലയിലും, തുടർന്നുള്ള ഒരാളുടെ ജീവിതത്തിൽ തെറ്റുകൾ ആവർത്തിക്കില്ല എന്ന പ്രത്യാശയിൽ നമുക്ക് ചെയ്തുകൊടുക്കാവുന്ന കാര്യം എന്ന നിലയിലാണ് ആ വീഡിയോ പബ്ലിക് ഡൊമെയിനിൽ നിന്ന് എന്റെ ചാനൽ വഴി ഇനി കാണില്ല എന്നുറപ്പാക്കാൻ അത് ഒഴിവാക്കിയത്. സിനിമയുടെ റിവ്യൂ അടക്കം എന്താണ് സംഭവിച്ചത് എന്നതിന്റെ കൃത്യമായ വിവരം നിലവിലെ explanation വിഡിയോയിൽ ഉണ്ട്. മറ്റാർക്കും കൊടുക്കാത്ത ഒരു സഹായം എന്ന നിലയിൽ സിനിമയുടെ അഭിപ്രായം ഒളിച്ചുവെക്കുന്നു എന്നില്ല. മുന്നോട്ടുള്ള രണ്ടു കക്ഷികളുടെയും സുഗമമായ പോക്കിന് ഫോൺ കോൾ വീഡിയോ ആവിശ്യമില്ല എന്ന തിരിച്ചറിവിലാണ് അത് ഒഴിവാക്കുന്നത്.

ഇതിൽ ഭയത്തിന്റെ സാധ്യത ഒരുപാട് കമന്റുകളിൽ കണ്ടു. പെട്ടെന്നൊരു ആക്രമണം ഉണ്ടായാൽ പൊടുന്നനെ തടുക്കാൻ കഴിയുന്ന രജനികാന്ത് കഥാപാത്രം ഒന്നും അല്ല ഞാൻ. ആ ഭയം കൊണ്ടുതന്നെയാണ് ഫോൺ കോൾ പബ്ലിഷ് ആക്കിയത്. പക്ഷെ ഈ അവസാനവട്ട തീരുമാനങ്ങളിൽ ഭയത്തേക്കാൾ "തെറ്റിദ്ധാരണയുടെ സാധ്യത തിരിച്ചറിഞ്ഞു രണ്ടുപേരുടെയും ഭാവിക്ക് നല്ലത് എന്ന് മനസിലാക്കി" എന്ന പ്രയോഗമാണ് ശരി എന്നെനിക്ക് തോന്നുന്നു.

പിന്നെ മുൻപും ഒരുപാട് വട്ടം പറഞ്ഞിട്ടുള്ളതാണ്. സാരമില്ല പോട്ടെ എന്ന് എത്രത്തോളം എനിക്ക് ക്ഷമിക്കാനാവുമോ അത്രത്തോളം ക്ഷമിക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അങ്ങനെ ആണ് എന്റെ വിശ്വാസം. വേറെ മാർഗങ്ങൾ ഇല്ലാതെ വരുമ്പോഴാണ് പല പ്രതികരണങ്ങളും. എന്റെ അമ്മ പോലും ഇന്ന് സിനിമക്ക് പോകുമ്പോൾ "എന്നെ തെറി കേൾപ്പിക്കാൻ ഇറങ്ങുവാണല്ലേ" എന്നാണ് ചോദിച്ചത് (തമാശയാണ്, എന്നാലും). നമ്മക്ക് മാക്സിമം പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഇങ്ങനൊക്കെ അങ്ങ് നൈസ് ആയിട്ട് പോകാന്നേ.

പലരും "തെറിയൊക്കെ കേട്ടിട്ടും" ഞാൻ തിരിച്ചൊന്നും പറയാതെ സഹിച്ചിരിക്കുന്നതൊക്കെ പറഞ്ഞു കണ്ടു. തെറിക്കുത്തരം തെറി തന്നെ എന്നല്ലല്ലോ. തല്ലണം എന്നുമില്ല എന്നാണ് എന്റെ പോളിസി. പക്ഷെ അങ്ങനെ വിളിച്ചിട്ട് മിടുക്കനായി പോകാൻ അനുവദിക്കില്ല. ഞാൻ ശീലിച്ചത് ഇങ്ങനൊക്കെ ആയിപ്പോയി.

NB: എന്റെ പേരിൽ കാശ് അടിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഈപോസ്റ്റ് കാണുന്നുണ്ടെങ്കിൽ പൊന്ന് മച്ചാനേ, നിന്നോട് ക്ഷമയൊന്നും കാണില്ല. നീ കോടതി വരാന്തകൾക്ക് ഒരു വാഗ്ദാനം ആയിരിക്കും.

1 month ago | [YT] | 668